കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുടെ മരണ കാരണം കോവിഡ് വാക്സിനേഷന്റെ പാർശ്വഫലമാകാം എന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ തൈപ്പറമ്പിൽ മാത്യുവിൻ്റെ(മാത്തുക്കുട്ടി) മകൾ മഹിമ മാത്യു(31) ആണ് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ മരണമടഞ്ഞത്. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മഹിമയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ചു ആശുപത്രിക്കെതിരെ ആരോഗ്യ മന്ത്രിക്ക് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി.
4 മാസങ്ങൾ മുൻപാണ് മഹിമയുടെ വിവാഹം നടന്നത്. ഈ മാസം ആറാം തീയതി മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് മഹിമ കോവിഡ് വാക്സിൻ സ്വീകരിച്ചത്. രാവിലെ പാലായിൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്‌ക്കെത്തിയ യുവതിയോട് വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ചത്. പാലാ മാർ സ്ലീവാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മഹിമ ഏഴാഴ്ച ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 11 മുതലാണ് യുവതിക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടു തുടങ്ങിയത്.
തുടർന്ന് 13 നു ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആദ്യ തവണ കണ്ട ഗൈനക്കോളജിസ്റ്റ് ഡോക്ടറായിരുന്നില്ല ചികില്സിച്ചത്. ശക്തമായ തല വേദനയും ആരോഗ്യ പ്രശനങ്ങൾ പറഞ്ഞെങ്കിലും ഗ്യാസിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയാണ് ചെയ്തത് എന്ന് ബന്ധുക്കൾ പറഞ്ഞു. തല വേദന കുറയാഞ്ഞതിനെ തുടർന്ന് 14 ന് വീണ്ടും ആശുപത്രിയിൽ എത്തുകയും ന്യൂറോളജി വിഭാഗത്തിൽ ഉൾപ്പടെ പരിശോധന നടത്തുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
ആരോഗ്യനിലയിൽമാറ്റമില്ലാഞ്ഞതിനെ തുടർന്ന് 15 നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോധം പൂർണ്ണമായും മറയുകയും വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തി. തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷൻ എടുത്തതിലെ പാർശ്വഫലങ്ങൾ ആണ് മരണ കാരണമെന്നാണ് മാർ സ്ലീവാ ആശുപത്രിയിൽ നിന്നും നൽകിയിരിക്കുന്ന ഡെത്ത് റിപ്പോർട്ടിൽ പറയുന്നത്.
ആദ്യം മുതൽ ഈ ആശുപത്രിയിൽ തന്നെയാണ് ചികിത്സ തേടിയതെന്നും പല തവണ ശക്തമായ തലവേദനയിൽ ചികിത്സ തേടിയപ്പോഴും കാര്യമായ ചികിത്സ നടത്തിയില്ലെന്നും ആരോഗ്യ നില വഷളായപ്പോൾ പോലും മെഡിക്കൽ കോളേജിലൊക്കെ മറ്റോ റഫർ ചെയ്തില്ല എന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
പതിനഞ്ചാം തീയതി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മഹിമയുടെ ബോധം നഷ്ടപ്പെട്ടിരുന്നതായും മരണകാരണം അറിയാൻ പോസ്റ്റുമാർട്ടം വേണമെന്നും നിർദ്ദേശിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മഹിമയുടെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് തിടനാട് ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിൽ.