മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് പള്ളിയിലും കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലും എട്ടു നോമ്പ് പെരുന്നാളിന് തുടക്കം.


കോട്ടയം: ആയിരക്കണക്കിന് വിശ്വാസികളുടെ അഭയ സ്ഥാനമായ മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലും കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയമായ അക്കരപ്പള്ളിയിലും എട്ടുനോമ്പ്  പെരുന്നാളിന് തുടക്കം കുറിച്ചു.

 

 ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സസ്യാ പ്രാർത്ഥനയോടെ എട്ടു നോമ്പ് പെരുന്നാളിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയമായ അക്കരപ്പള്ളിയിൽ ജപമാലയോടെ എട്ടുനോമ്പ് ആചാരണത്തിനും പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളിനു തുടക്കം കുറിച്ചു.

 

 സെപ്റ്റംബർ ഒന്നു മുതൽ 8 വരെയാണ് എട്ടുനോമ്പ് ആചരണം നടക്കുന്നത്. കോവിടിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചാണ് എട്ടുനോമ്പ് ചടങ്ങുകൾ നടത്തുന്നത്. അക്കരപ്പള്ളിയിൽ നിന്നും എല്ലാ ദിവസവും രാത്രി 7 മണിക്ക് ഓൺലൈനായി മരിയൻ പ്രഭാഷണം ഉണ്ടായിരിക്കും. വിശ്വാസികൾ വീടുകളിൽ തന്നെ ഇരുന്നു നോമ്പ് നോൽക്കണമെന്നും പള്ളിയിൽ മുഴുവൻസമയവും ഇരുന്നു നോമ്പ് നോക്കുന്നതിനുള്ള ക്രമീകരണം ഇത്തവണയില്ല എന്നും മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്യാടത്ത് പറഞ്ഞു. മണർകാട് പള്ളിയിൽ എല്ലാ ദിവസവും രാവിലെ എട്ടര മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 05:15 നും 06:30 നും 9 മണിക്കും 12 മണിക്കും 04:30 നും അക്കരപ്പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. സെപ്റ്റംബർ ഒന്നിന് 04:30 നു  രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. സെപ്റ്റംബർ 4 നു രാവിലെ 9 മണിക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാനയർപ്പിക്കും. മണർകാട് പള്ളിയിൽ നിന്നും കുരിശുപള്ളികളിലേക്കുള്ള പ്രസിദ്ധമായ പ്രദക്ഷിണം സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 2നും വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനു തുറക്കുന്ന നടതുറക്കൽ 7ന് രാവിലെ 11.30നും നടത്തും. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങൾ നടത്തുക എന്ന് ഭാരവാഹികൾ പറഞ്ഞു.