കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡ് വികസനത്തിന് 5.40 കോടി രൂപയുടെ പദ്ധതി അനുവദിക്കാൻ നടപടി സ്വീകരിച്ചു; മോൻസ് ജോസഫ് എംഎൽഎ.


കടുത്തുരുത്തി: ശോച്യാവസ്ഥയിലായിരിക്കുന്ന കാപ്പുംന്തല- തുരുത്തിപ്പള്ളി റോഡിന്റെ സമഗ്ര വികസനത്തിന് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ള 5.40 കോടി രൂപയുടെ റോഡ് നിർമ്മാണ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 

 പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ച് ചേർത്ത കോട്ടയം ജില്ലയിലെ എംഎൽഎ മാരുടെ യോഗത്തിൽ റോഡിന്റെ ദയനീയ സ്ഥിതി സംബന്ധിച്ച് നടത്തിയ ചർച്ചയെ തുടർന്നാണ് കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡിന് ഭരണാനുമതി നൽകാൻ ധാരണയായിരിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. കാപ്പുംന്തല-തിരുത്തിപ്പള്ളി റോഡിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാകുന്നതും ഇതേ തുടർന്ന് റോഡ് തകർന്നിരിക്കുന്നതുമായ കൂവേലി തൊണ്ടാംകുഴി ഭാഗത്ത് പ്രശ്ന പരിഹാരം സംബന്ധിച്ച് ചർച്ച നടത്തിയ ശേഷം ചേർന്ന ജനകീയ കൂട്ടായ്മയിലാണ് മോൻസ് ജോസഫ് എംഎൽഎ റോഡ് വികസനത്തിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.

 

 വെള്ളക്കെട്ടിന് ഇടയാകുന്ന റോഡിന്റെ ഇരുവശത്തുമുള്ള വസ്തു ഉടമകളുമായി എംഎൽഎ ചർച്ച നടത്തി. എല്ലാവരും സഹകരിക്കാമെന്ന് വാക്ക് തന്നതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ ഇരുവശത്തും എംഎൽഎ നിർദ്ദേശിച്ചത് പ്രകാരം ശ്രമദാനമായി നാട്ടുകാർ ചേർന്ന് ഓട നിർമ്മാണം ആരംഭിച്ചു. ഈ ഭാഗത്ത് കാലങ്ങളായി നിന്നിരുന്ന തർക്കങ്ങളും രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങളുമാണ് എംഎൽഎയുടെ ഇടപെടൽ മൂലം പരിഹരിക്കുന്നതിന് സാഹചര്യം ഉണ്ടായിരിക്കുന്നത്. വെള്ളക്കെട്ട് ഭാവിയിലേക്ക് ഒഴിവാക്കുന്നതിന് റോഡ് വികസനത്തിന്റെ ഭാഗമായി ഈ ഭാഗത്ത് മണ്ണിട്ട് ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.

വെള്ളക്കെട്ട് ഭാഗത്ത് കോൺക്രീറ്റ് ഓട നിർമ്മിച്ച് നാട്ടുകാർക്ക് ഉപകാര പ്രദമായ നിലയിലായിരിക്കും  വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി ശോച്യാവസ്ഥയിലായിത്തീർന്ന കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന് നിവേദനം സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ കാലാവധിക്കുള്ളിൽ ഫണ്ട് അനുവദിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായി തീർന്നതെന്ന് എംഎൽഎ പറഞ്ഞു.

ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിന് ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് കഴിഞ്ഞ വർഷം സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാതെ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള 14 ലക്ഷം രൂപ മാത്രമാണ് അനുവദിച്ച് നൽകിയത്. അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ റോഡ് തകർന്ന് പോയ സാഹചര്യത്തിലാണ് ഈ പ്രവർത്തി വേണ്ടെന്ന് വച്ചത്. ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ മെച്ചപ്പെട്ട നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനാണ് കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡ് വികസന പദ്ധതി സർക്കാറിലേക്ക് പുതുക്കി സമർപ്പിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്ന് ഈ സാമ്പത്തിക വർഷം നടപ്പാക്കാനുള്ള റോഡ് വികസന പദ്ധതിയിൽ ഒന്നാമത്തേതായി കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡ് ചേർത്തതായും എംഎൽഎ അറിയിച്ചു. സമീപ കാലത്ത് ഉന്നത നിലവാരത്തിൽ വികസനം നടപ്പാക്കിയ അരണാശ്ശേരി-കുറവിലങ്ങാട് റോഡ്, തോട്ടുവാ-നസ്രത്ത് ഹിൽ-കാണക്കാരി റോഡ് എന്നിവയുടെ മാതൃകയിലാണ് കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡിന്റെയും വികസന പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പരമാവധി വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയതായി എംഎൽഎ വ്യക്തമാക്കി. കാപ്പുംന്തല-തുരുത്തിപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് മുൻപായി ഗുണഭോക്താക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും ഫലപ്രദമായ നടപടികൾ തീരുമാനിക്കുന്നതിനും വേണ്ടി റോഡ് വികസന യോഗം എംഎൽഎ യുടെ സാന്നിധ്യത്തിൽ വിളിച്ച് ചേർക്കുന്നതിനും തിരുമാനിച്ചു. ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാകുന്ന കൂവേലി തൊണ്ടാംകുഴി ഭാഗത്ത് ഓട തെളിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മോൻസ് ജോസഫ് എംഎൽഎ തുടക്കം കുറിച്ചു. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ ഞീഴൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തെയ്യമ്മ ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാംമലയിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണിച്ചൻ പൂമരം, ബിനോയി തൂമ്പുങ്കൽ, ആർ. രാജേഷ്, ദേവ് മാഞ്ഞാലിൽ, വർഗ്ഗീസ് പറമറ്റം തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്യം നൽകി.