തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേർന്നു. നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും തുടരാനാണ് തീരുമാനം.
സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഡബ്ള്യു ഐ പി ആർ അടിസ്ഥാനമാക്കി പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ തുടരും. ഡബ്ള്യു ഐ പി ആർ 8 നു മുകളിലുള്ള മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഈ മേഖലകളിൽ പ്രാദേശികമായി ഏർപ്പെടുത്തുക.
കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ലംഘിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കർശന പരിശോധനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് പരിശോധനയും കോവിഡ് പ്രതിരോധ വാക്സിനേഷനും വർധിപ്പിക്കുന്നതിന് യോഗം തീരുമാനമെടുത്തിട്ടുണ്ട്.