കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വ്യാപാരികളും പൊതുജനങ്ങളും വീഴ്ച്ച വരുത്തരുത്; ജില്ലാ പോലീസ് മേധാവി.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും ഇളവുകൾ അനുവദിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വ്യാപാരികളും പൊതുജനങ്ങളും വീഴ്ച്ച വരുത്തരുത് എന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം.

ഓണക്കാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വ്യാപാരികളുടെ പൂര്‍ണ സഹകരണം ആവശ്യമാണ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കണം. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നവരും അവിടെ ജോലിചെയ്യുന്നവരും രണ്ടാഴ്ച മുമ്പ് ആദ്യഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനകം ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കില്‍ ഒരുമാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്ന പുതിയ നിബന്ധന പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും സൂക്ഷ്മത പുലര്‍ത്തണം. കടകളില്‍ ഈ നിബന്ധനകള്‍ പ്രദര്‍ശിപ്പിക്കണം എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കടയില്‍ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ വിളിച്ചു പറയുകയും, അപ്രകാരം ലിസ്റ്റ് തയാറാക്കി അതനുസരിച്ച് ആവശ്യക്കാരെ അറിയിച്ച് അവര്‍ നിര്‍ദിഷ്ട സമയങ്ങളില്‍ എത്തി വാങ്ങിക്കൊണ്ടു പോകുകയും ചെയ്യുന്ന രീതി കൂടുതൽ പ്രോത്സാഹിപ്പിക്കാവുന്നതാണ്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.