കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗവ്യാപന തോത് കുറയുന്നില്ല. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് ഇപ്പോഴും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ജില്ലയിൽ 10 നു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയായി റെഡ് സോണിൽ ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളാണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള റെഡ് സോൺ മേഖലയായ ഡി കാറ്റഗറിയിൽ 16 ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വാകത്താനം,മുത്തോലി, കുമരകം, പാറത്തോട്,തൃക്കൊടിത്താനം,മണിമല, വാഴൂർ, പുതുപ്പള്ളി,ടി വി പുരം, മാഞ്ഞൂർ,വിജയപുരം,വെള്ളൂർ, കുറവിലങ്ങാട്,പാമ്പാടി, മുണ്ടക്കയം,ഞീഴൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് നിലവിൽ റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വാകത്താനം ഗ്രാമപഞ്ചായത്തിലാണ് ടി പി ആർ ഏറ്റവും ഉയർന്നു നിൽക്കുന്നത്. 20.55 ശതമാനമാണ് ഇവിടെ നിലവിലെ ടി പി ആർ. ടി പി ആർ 5 ശതമാനത്തിൽ താഴെയുള്ള ഗ്രീൻ സോൺ മേഖലയിൽ ജില്ലയിൽ 7 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ടി പി ആർ 5 ശതമാനത്തിനും 10 ശതമാനത്തിനുമിടയിലുള്ള സെമി ലോക്ക് ഡൗൺ മേഖലയിൽ 26 തദ്ദേശ സ്ഥാപനങ്ങളും ടി പി ആർ 10 നും 15 ശതമാനത്തിനുമിടയിലുള്ള ലോക്ക് ഡൗൺ മേഖലയായ സി കാറ്റഗറിയിൽ 28 തദ്ദേശ സ്ഥാപനങ്ങളുമാണുള്ളത്.