കോട്ടയം: ഓണാഘോഷത്തിനിടെ കോവിഡ് പ്രതിരോധം മറക്കരുത് എന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും ജാഗ്രതയോടെ ഓണം ആഘോഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു.
ജില്ലയിൽ പ്രതിദിനം ശരാശരി ആയിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പരിശോധനയ്ക്ക് വിധേയരാകുന്നവരില്‍ പത്തില്‍ ഒരാളെങ്കിലും പോസിറ്റീവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ നിര്‍ദേശിച്ചു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ശരിയായി ധരിക്കാനും അകലം പാലിക്കാനും കൈകൾ അടിക്കടി ശുചീകരിക്കാനും എല്ലാവരും ശ്രദ്ധിക്കണം.
ഓണത്തോടനുബന്ധിച്ച് ഷോപ്പിംഗിനായി കൂട്ടം ചേര്‍ന്ന് പോകുന്നത് ഒഴിവാക്കുക. പൊതു സ്ഥലങ്ങളിലും വ്യാപാരശാലകളിലും പോകുമ്പോള്‍ കുട്ടികളെ യാതൊരു കാരണവശാലും കൊണ്ടുപോകരുത് എന്നും ജില്ലാ കളക്ടർ പറഞ്ഞു. അത്യാവശ്യത്തിനല്ലാത്ത യാത്രകളും ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരലുകളും കളികളും ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ചയില്ലാതെ പാലിക്കണമെന്നും പരമാവധി വീടുകൾക്കുള്ളിൽ ഓണം ആഘോഷിക്കുകയും കൂടിച്ചേരലുകൾ ഒഴിവാക്കുകയും വേണം എന്നും ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.