കാത്തിരിപ്പിനൊടുവിൽ കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചു, 45 ദിവസത്തിനുള്ളിൽ പുതിയ ടെർമിനൽ പൂർത്തിയാകും.


കോട്ടയം: നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി രൂപ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. തിയേറ്റർ റോഡിനോട് ചേർന്നുള്ള ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും.

ബസ്സ് കാത്തിരിപ്പ് കേന്ദ്രവും,കോഫീ പാർലറും ഇവിടെ സ്ഥാപിക്കും. കെ എസ് ആർ ടി സി യാർഡ് മുഴുവനായും തറയോട് പതിക്കും. ബസ്സുകൾ കയറിയിറങ്ങുന്നതിനു സുഗമമായ പാതയൊരുക്കും. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കും. രണ്ടു പതിറ്റാണ്ടിലധികമായി യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് തന്നെ ഭീഷണിയായി അപകടാവസ്ഥയിൽ നിലനിന്നിരുന്ന കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ഓഫീസ് സമുച്ചയവും ബസ് സ്റ്റേഷനും നിർമിക്കാനുള്ള പ്രാരംഭ നടപടികൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ബസ്സ് സ്റ്റാൻഡ് നവീകരണത്തിനായി 2 കോടി രൂപ മുൻപ് അനുവദിക്കുകയും ചെയ്തെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഗതാഗത മന്ത്രിയായിരിക്കെ ബസ്സ് സ്റ്റാൻഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.