സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടി: ചെറുകിട ജലസേചന വകുപ്പ് ജില്ലയിൽ നടപ്പിലാക്കിയത് 4.22 കോടി രൂപയുടെ പദ്ധതികള്‍.


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ചെറുകിട ജലസേചന വകുപ്പ് കോട്ടയം ജില്ലയില്‍ നടപ്പിലാക്കിയത് 4.22 കോടി രൂപയുടെ പദ്ധതികള്‍. പദ്ധതി വിഭാഗത്തില്‍ 1.86 കോടി രൂപയും പദ്ധതിയേതര വിഭാഗത്തില്‍ 51.09 ലക്ഷം രൂപയും എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍നിന്നും 1.39 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്നും 13.37 ലക്ഷം രൂപയും ആര്‍.കെ.ഐ സ്‌കീമില്‍ 31.02 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

 

 മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി 23 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ ഇരുപ്പാ തോട്, ആഞ്ഞിലി വേലി, പൊട്ടശ്ശേരി, കടുത്തുരുത്തി മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന കട്ടച്ചിറ തോട്, കുഴിത്തോട്, കോട്ടയം കഞ്ഞിക്കുഴി തോട്, കുമരകത്ത് വേമ്പനാട്ട് കായല്‍ എന്നിവിടങ്ങളില്‍ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കി.

 

 വെള്ളൂര്‍ പഞ്ചായത്തില്‍ തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായ മേഖലകളില്‍ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണ ഭിത്തി നിര്‍മിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുനഃസ്ഥാപനത്തിന് 35 ലക്ഷം രൂപയാണ് വകയിരുത്തിയത്. 32 ലക്ഷം രൂപ ചെലവഴിച്ച് വിജയപുരം പഞ്ചായത്തിലെ പ്ലാപ്പള്ളി കടവ് പുനരുദ്ധാരണം നടത്തി. വാഴപ്പള്ളി പഞ്ചായത്തിലെ കാടമ്പാടം പാടശേഖരത്തിലെ ഇരട്ട കള്‍വര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 40 ലക്ഷം രൂപയാണ് പദ്ധതി വിഹിതം.

എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് നെടുംകുന്നം ഗ്രാമ പഞ്ചായത്തിലെ തെങ്ങുംപള്ളി ഞാറയ്ക്കല്‍ പാടശേഖരത്തിന്‍റെ ജലസേചന സൗകര്യം മെച്ചപ്പെടുത്തി. നബാര്‍ഡ് പദ്ധതിയില്‍ മണിമലയാറ്റില്‍ കുളത്തൂര്‍മുഴി പാലത്തിന്‍റെ താഴെ ചെക്ക് ഡാമിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 3.21 കോടി രൂപയുടെ പദ്ധതിയാണിത്.

മഴക്കാല മുന്നൊരുക്ക പ്രവൃത്തികള്‍ കൃത്യമായി നടപ്പിലാക്കിയതിലൂടെ തോടുകളിലെയും കുളങ്ങളിലെയും തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനും വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനും വകുപ്പിന് സാധിച്ചു.