സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം, ടി പി ആർ വിഭാഗീകരണത്തിനു പകരം പ്രാദേശിക നിയന്ത്രണങ്ങൾ, അന്തിമ തീരുമാനം നാളത്തെ കോവിഡ് അവലോകന യോഗത്തിൽ.


തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി സംസ്ഥാനത്ത് നിലവിൽ തുടരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തിയിരുന്നു.

സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഒരു തദ്ദേശ സ്ഥാപന മേഖല പൂർണ്ണമായും നിയന്ത്രിത മേഘലയാക്കുന്നതും സംബന്ധിച്ച് വിവിധ കോണിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂർണ്ണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നില്ല. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേൽ നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ നിയന്ത്രണങ്ങളിൽ പൂർണ്ണമായും മാറ്റം വരുത്തിയുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചേക്കും.

ഇതിൻപ്രകാരം പൂർണ്ണമായുള്ള നിയന്ത്രണങ്ങൾക്ക് പകരം രോഗബാധിതർ കൂടുതലായുള്ള മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു ഈ മേഖലകളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായിരിക്കും തീരുമാനിക്കുക. ഒരു തദ്ദേശ സ്ഥാപന മേഖലയിലെ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകൾ നിയന്ത്രിത മേഖലകളായി പ്രഖ്യാപിക്കും. ഇതിനായി ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകും. ശനി,ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഒഴിവാക്കിയേക്കും. പുതിയ നിയന്ത്രണങ്ങൾ എങ്ങനെയെന്നുള്ള പൂർണ്ണ വിവരം നാളത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളു.