നാടിനു കണ്ണീരോർമ്മയായി മഹിമ, യാത്രയായത് നൃത്തച്ചുവടുകളും കാവ്യഭംഗിയുള്ള എഴുത്തുകളുമായി പരിമിതികളെ മറികടന്നു ജീവിതമാസ്വദിക്കുന്നതിനിടെ.


കാഞ്ഞിരപ്പള്ളി: നൃത്തത്തെ ജീവനേക്കാളേറെ സ്നേഹിച്ച പരിമിതികളെ ചവിട്ടു പടികളാക്കിയ കാവ്യഭംഗിയുള്ള എഴുത്തുകളുമായി വലിയൊരു ലോകം തീർത്ത മഹിമ തന്റെ തൂലികയും ചിലങ്കയുമഴിച്ചു വെച്ച് നാടിനു കണ്ണീരോർമ്മയായി യാത്ര പറയുകയാണ്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ തൈപ്പറമ്പിൽ മാത്യുവിൻ്റെ(മാത്തുക്കുട്ടി)യും മോളമ്മയുടെയും മകൾ മകൾ മഹിമ മാത്യു(31) ആണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പാലാ മാർ സ്ലീവാ ആശുപത്രിയിൽ മരണമടഞ്ഞത്.

 

 അംഗവൈകല്യങ്ങളിൽ തന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിൽക്കാനായിരുന്നില്ല മറിച്ച് പരിമിതികളെ മറികടന്നു ജീവിതമാസ്വദിക്കുന്നതിനൊപ്പം മറ്റുള്ളവർക്കു പ്രചോദനവും മാതൃകയുമാകുകയായിരുന്നു മഹിമ. ജന്മനാ ഇടതുകാൽ ഇല്ലാതിരുന്ന മഹിമ പഠനത്തിലും കലാരംഗത്തും മുന്നിലായിരുന്നു. പഠനത്തിനൊപ്പം നൃത്തത്തെ കൂടുതൽ ഇഷ്ടപ്പെടുകയും പ്രാണനായ നൃത്തത്തിനു വേണ്ടി കൃത്രിമക്കാൽ സ്വീകരിച്ച് നാടോടി നൃത്തവും മോഹിനിയാട്ടവും കുച്ചിപ്പുടിയും അവതരിപ്പിച്ച് കലോത്സവവേദികളെയും കാഴ്ചക്കാരെയും വിസ്മയിപ്പിക്കുകയും ചെയ്തു. നൃത്തത്തിൽ സംസ്ഥാനതല വിജയിയുമായിരുന്നു മഹിമ.

 

 കാവ്യഭംഗിയുള്ള എഴുത്തുകളിലൂടെ നിരവധി കവിതകളാണ് മഹിമയുടെ തൂലികയിൽ പിറന്നത്. 4 മാസങ്ങൾക്ക് മുൻപായിരുന്നു പടിഞ്ഞാട്ടുകര കാഞ്ഞിരത്തിങ്കൽ രഞ്ജിത്തുമായി മഹിമയുടെ വിവാഹം. എം എസ് ഡബ്ള്യു പഠനം പൂർത്തീകരിച്ച മഹിമ കാനഡയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.  ഈ മാസം ആറാം തീയതിയാണ് മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മഹിമ കോവീഷീൽഡ്‌ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

രാവിലെ പാലായിൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്‌ക്കെത്തിയ യുവതിയോട് വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ചത്. പാലാ മാർ സ്ലീവാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ  മഹിമ ഏഴാഴ്ച ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 11 മുതലാണ് യുവതിക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടു തുടങ്ങിയത്. തുടന്ന് ഈ മാസം 13 നും 14 നും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തല വേദന കുറഞ്ഞിരുന്നില്ല.

ആരോഗ്യനിലയിൽമാറ്റമില്ലാഞ്ഞതിനെ തുടർന്ന് 15 നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോധം പൂർണ്ണമായും മറയുകയും വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മഹിമയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ചു ആശുപത്രിക്കെതിരെ ആരോഗ്യ മന്ത്രിക്ക് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തി.

തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷൻ എടുത്തതിലെ പാർശ്വഫലങ്ങൾ ആണ് മരണ കാരണമെന്നാണ് മാർ സ്ലീവാ ആശുപത്രിയിൽ നിന്നും നൽകിയിരിക്കുന്ന ഡെത്ത് റിപ്പോർട്ടിൽ പറയുന്നത്. മഹിമയുടെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് തിടനാട് ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിൽ നടക്കും.