കോവിഡ് വ്യാപനം: മലരിക്കലിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി; ജില്ലാ കളക്ടർ.


കോട്ടയം: മലരിക്കൽ ഉൾപ്പെടുന്ന തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 13 ൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മലരിക്കൽ പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.

 

 കോട്ടയത്തിന്റെ പിങ്ക് വസന്തമായി ആമ്പൽ ഫെസ്റ്റ് കാണുന്നതിനായി പ്രതിദിനം നിരവധിപ്പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലരിക്കലിലേക്ക് എത്തുന്നത്. എല്ലാ ദിവസങ്ങളിലും ഈ മേഖലയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നതും മേഖലയിൽ കൂടുതലാളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.  

 സഞ്ചാരികളുടെ വള്ളത്തിൽ കാഴ്ചകൾ കാണിക്കാനായി പോകുന്ന വള്ളത്തൊഴിലാളികളിൽ പലർക്കും രോഗബാധ സ്ഥിരീകരിച്ചതിനെയും തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ മലരിക്കലിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ മലരിക്കലിലെ ടൂറിസം പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. വരുന്ന അവധി ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ മലരിക്കലിലേക്ക് എത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മുന്കരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി മലരിക്കലിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.