മലരിക്കലിൽ പൂത്തുലഞ്ഞു കോട്ടയത്തിന്റെ പിങ്ക് വസന്തം, വിസ്മയ കാഴ്ച്ചകൾ കാണാം നാളെ മുതൽ!


കോട്ടയം: മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പൂത്തുലഞ്ഞു കോട്ടയത്തിനു പിങ്ക് വസന്തം സമ്മാനിക്കുകയാണ് ആമ്പൽപ്പൂക്കൾ. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു വിസ്മയ കാഴ്ച്ചയൊരുക്കുകയാണ് ഏക്കറുകണക്കിന് പരന്നു കിടക്കുന്ന ആമ്പൽപ്പൂക്കളുടെ കാഴ്ചകളിൽ.

 

 കോവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു നാളെ മുതൽ സന്ദർശകർക്ക് കാഴ്ച്ചകൾ കണ്ടു ആസ്വദിക്കാം. നാളെ രാവിലെ രാവിലെ 9 ന് രജിസ്‌ട്രേഷൻ-സഹകര വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്‌ഘാടനം ചെയ്യും. ആമ്പൽപാടങ്ങളിലേക്ക് പ്രവേശനം പാസ്സ് മൂലമാണ്. കാഞ്ഞിരം പാലം വരെ മാത്രമാണ് വാഹനങ്ങൾക്ക് അനുമതി. ഇവിടെയുള്ള കൗണ്ടറിൽ നിന്നും ഒരാൾക്ക് 30 രൂപ നിരക്കിൽ പാസ്സ് ലഭ്യമാകും. ആമ്പൽപ്പാദത്തിലൂടെ വള്ളത്തിൽ യാത്ര ചെയ്യാനും അനുമതിയുണ്ട്.

വള്ളത്തിൽ യാത്ര ചെയ്യുന്നതിന് 100 രൂപയാണ് നിരക്ക്. വള്ളക്കാർക്ക് കഴിഞ്ഞ ദിവസം വാക്സിൻ നൽകിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന്റെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വള്ളക്കാർക്കുള്ള കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും മറ്റു മാർഗ്ഗ നിർദ്ദേശങ്ങളും നൽകി. കഴിഞ്ഞ ആഴ്ച്ച ചീഫ് സെക്രട്ടറിയും ഭാര്യയും  ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയും മലരിക്കൽ സന്ദർശിച്ചിരുന്നു. കോട്ടയം തഹസിൽദാർ കലക്ടർക്കൊപ്പമുണ്ടായിരുന്നു. 2019 ൽ ഒരു വലിയ ആഘോഷം തന്നെയായിരുന്നു നമ്മുടെ ഈ ആമ്പൽ വസന്തം.

ആമ്പൽ ഫെസ്റ്റ് ഉൾപ്പടെ നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വര്ഷം ഈ ദൃശ്യ വിസ്മയം കാണാൻ അവസരമുണ്ടായിരുന്നില്ല. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് ആമ്പൽ വസന്തം പൂത്തുലഞ്ഞു നിൽക്കുന്നത്. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക.