എട്ടുനോമ്പ് പെരുനാളിനൊരുങ്ങി മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് പള്ളിയും കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയും.


കാഞ്ഞിരപ്പള്ളി: ആയിരക്കണക്കിന് വിശ്വാസികളുടെ അഭയ സ്ഥാനമായ മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലും കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയമായ അക്കരപ്പള്ളിയിലും എട്ടുനോമ്പ് തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. സെപ്റ്റംബർ ഒന്നു മുതൽ 8 വരെയാണ് എട്ടുനോമ്പ് ആചരണം നടക്കുന്നത്.

 

 കോവിടിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചാണ് എട്ടുനോമ്പ് ചടങ്ങുകൾ നടത്തുന്നത്. വിശ്വാസികൾ വീടുകളിൽ തന്നെ ഇരുന്നു നോമ്പ് നോൽക്കണമെന്നും പള്ളിയിൽ മുഴുവൻസമയവും ഇരുന്നു നോമ്പ് നോക്കുന്നതിനുള്ള ക്രമീകരണം ഇത്തവണയില്ല എന്നും മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്യാടത്ത് പറഞ്ഞു.

 

 കുരിശുപള്ളികളിലേക്കുള്ള പ്രസിദ്ധമായ പ്രദക്ഷിണം സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 2നും വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനു തുറക്കുന്ന നടതുറക്കൽ 7ന് രാവിലെ 11.30നും നടത്തും. കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിൽ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറ്റും.

സെപ്റ്റംബർ 7 നു വൈകിട്ടു 6 മണിക്കാണ് ദിവ്യകാരുണ്യ പ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങൾ നടത്തുക എന്ന് ഭാരവാഹികൾ പറഞ്ഞു.