കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ തിരുവോണനാളിൽ ഉണ്ണാവ്രത സത്യഗ്രഹത്തിനൊരുങ്ങി മാണി സി കാപ്പൻ.


പാലാ: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന  കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ  തിരുവോണനാളിൽ ഉണ്ണാവ്രത സത്യഗ്രഹത്തിനൊരുങ്ങി പാലാ എംഎൽഎ മാണി സി കാപ്പൻ.

സത്യഗ്രഹസമരത്തിൽ യുഡിഎഫ് നേതാക്കളും പങ്കാളികളാകും. പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളിൽ  സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചത് എന്ന് മാണി സി കാപ്പൻ പറഞ്ഞു. അധികാരത്തിൻറെ ധാർഷ്ട്യത്തിൽ രാഷ്ട്രീയ എതിർ ശബ്ദമുയർത്തുന്ന യുഡിഎഫ് പ്രവർത്തകരെയും  അനുഭാവികളെയും പൊതുജനങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ കൈയും കെട്ടി നോക്കി നിൽക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടും. പോലീസിനെ സമ്മർദ്ദത്തിൽ പെടുത്തിയാണ് അടിസ്ഥാനരഹിതങ്ങളായ ജാമ്യമില്ലാ വകുപ്പുകൾ  കേസുകളിൽ കുത്തി തിരുകുന്നത്. ഇത് പാലായിലെ ജനാധിപത്യ ജനവിധിയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ. പാലായുടെ സംസ്കാരത്തിനും പൈതൃകത്തിനും ചേരാത്ത നിലയിലുള്ള ജനാധിപത്യ വിരുദ്ധതയും രാഷ്ട്രീയ സമീപനവുമാണ് കേരള കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ജനവികാരം ഉയർന്നു വരുവാനും യാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് തിരുവോണനാളിൽ  ഉപവസിക്കുവാൻ നിർബന്ധിതനാകുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു.

സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെയും നിലപാടുകളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലി പാലായുടെ  പൈതൃകത്തിന് ചേർന്നതല്ല. ജനാധിപത്യത്തിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പോരാട്ടമാണ് തിരുവോണനാളിൽ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ളാലം പാലം ജംഗ്ഷനിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ യുഡിഎഫിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപവാസ സമരത്തിലും സമാധാന പൂർണമായ പ്രതിഷേധത്തിനും പൗര ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു.