ചങ്ങനാശ്ശേരി: വാഴപ്പള്ളി സെന്റ്.തെരാസാസ് ഹൈസ്കൂളിനു മുൻപിലുള്ള റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണുമെന്നു എം എൽ എ ജോബ് മൈക്കിൾ പറഞ്ഞു. സെന്റ് തെരാസാസ് ഹൈസ്കൂളിനു മുൻപിലുള്ള റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചു നിരവധി പരാതികൾ ഇതിനോടകം തന്നെ തനിക്കു ലഭിച്ചതായും സ്ഥലം സന്ദർശിച്ചതായും എം എൽ എ പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് കെഎസ്ടിപി എം സി റോഡ് പണിയുന്ന അവസരത്തിൽ സ്കൂളിന് മുൻപിലത്തെ റോഡിൻറെ ഉയരം കൂടുതലായിരുന്നതിനാൽ മണ്ണ് ചെത്തി മാറ്റി റോഡിന്റെ ഉയരം കുറയ്ക്കുകയായിരുന്നു. എന്നാൽ കെ എസ് ടി പി റോഡ് നിർമ്മാണത്തിന് മുൻപ് വാട്ടർ അതോറിറ്റിയുടെ പെപ്പ് ഈ റോഡിനു താഴെ കൂടെ പോകുന്നുണ്ടായിരുന്നു. കെ എസ് ടി പി റോഡിന്റെ ഉയരം കുറച്ചതോടെ വാട്ടർ അതോറിറ്റി സ്ഥാപിച്ചിരുന്ന പെപ്പും റോഡും തമ്മിലുള്ള ആഴം കുറയുകയും ഭാരമേറിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ വലിയ മർദ്ദം ഉണ്ടാവുകയും തന്മൂലം സ്കൂളിന്റെ മുൻപിലുള്ള ഭാഗത്ത് തുടർച്ചയായി പൈപ്പ് പൊട്ടുകയും റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുകയുമായിരുന്നു.
കോൺക്രീറ്റ് വഴിയോ ടാറിങ് വഴിയോ ഒരു താൽക്കാലിക പരിഹാരം ഉണ്ടാക്കിയാൽ വീണ്ടും എല്ലാമാസവും ഇതേ അവസ്ഥ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അതുകൊണ്ടുതന്നെ ഏകദേശം 200 മീറ്റർ നീളത്തിൽ നിലവിലുള്ള സ്ഥലത്തുനിന്നും വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി റോഡിന്റെ വശങ്ങളിലേക്ക് കുറച്ചുകൂടി ആഴത്തിൽ സ്ഥാപിക്കാനുള്ള നടപടികളാണ് എൻജിനീയർമാർ ശുപാർശ ചെയ്തിരിക്കുന്നത് എന്നും എം എൽ എ പറഞ്ഞു. പൈപ്പ് സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് 17 ലക്ഷത്തോളം രൂപാ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള എം സി റോഡിന്റെ പ്രസ്തുത ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപ കെട്ടി വയ്ക്കേണ്ടതുണ്ട് എന്നും എം എൽ എ ജോബ് മൈക്കിൾ പറഞ്ഞു. ഏകദേശം 29 - 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ. ഈ തുക കണ്ടത്തുകയാണ് നിലവിലെ വെല്ലുവിളിയെന്നും ഇതിനായി വകുപ്പുമന്ത്രിയുമായും പിഡബ്ല്യുഡി,വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും എം എൽ എ പറഞ്ഞു.