കോട്ടയം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ത്രി ആന്റണി രാജു വിലയിരുത്തി, സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നത് പ്രീ ഫാബ്രിക്


കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്ദർശിച്ചു വിലയിരുത്തി. ഇന്ന് രാവിലെയാണ് ഗതാഗത മന്ത്രി സ്ഥലം സന്ദർശിച്ചത്. രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

 നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ഈ മാസം ആദ്യമാണ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി രൂപ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. എത്രയും വേഗം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കോട്ടയം ബസ്സ് ടെർമിനലിന്റെ നവീകരണം കോട്ടയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

 

 പലവിധ തടസ്സങ്ങളാലാണ് നവീകരണ പ്രവർത്തനങ്ങൾ നീണ്ടു പോയതെന്നും നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ ബസ്സ് സ്റ്റാൻഡിന്റെ നവീകരണം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. ജൂൺ 16 നു തിരുവനന്തപുരത്ത് വെച്ച് ആദ്യ യോഗം ചേരുകയും പിന്നീട് രണ്ടാമത് യോഗം ചേരുകയും തീരുമാനമെടുക്കുകയുമായിരുന്നു. അന്ന് നടന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോട്ടയത്ത് എത്തി നേരിട്ട് പ്രവർത്തനങ്ങൾ വിലയിരുത്തിയതെന്നും മന്ത്രി പറഞ്ഞു.

കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ബസ്സ് ടെർമിനലും ടോയ്‌ലറ്റ് ബ്ലോക്ക് ബിൽഡിങ്ങുമാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി. നിലവിലെ കെട്ടിടം ഉടനെ പൊളിക്കേണ്ടതിനാൽ രണ്ടാഴ്ച്ചക്കുള്ളിൽ കെട്ടിടം പൊളിച്ചു നീക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. യാർഡ് നിർമ്മാണം ഇതിനു ശേഷം ആരംഭിക്കും. മൂന്നു നിലകളുള്ള യാർഡിന്റെ നിർമ്മാണം ജനുവരിയോടെ പൂർത്തീകരിക്കും. പ്രീ ഫാബ്രിക്കേറ്റഡ് സാമഗ്രികളുപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത്. മൂന്നു നിലകളുള്ള ബസ്സ് ടെർമിനലിന്റെ ആദ്യ നിലയാണ് പൂർത്തിയാകുന്നത്. ആനന്ദ് തിയേറ്ററിലേക്കുള്ള റോഡിനെ വേർതിരിക്കുന്ന മതിൽ പൊളിച്ചു മാറ്റി വീതി കൂട്ടി യാത്രാ സൗകര്യം മെച്ചപ്പെടുത്തി ഗാരേജിലേക്കുള്ള ബസ്സ് കയറ്റാൻ കെ എസ് ആർ ടി സി യുടെ സ്ഥലം വിട്ടു നൽകി റോഡിനു വീതി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയാകുന്നതോടെ കോട്ടയം പട്ടണത്തിന്റെ മുഖഛായ തന്നെ മാറുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് കേരളാ ബാങ്കിന്റെ സഹായങ്ങളുണ്ടാകുമെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു.