പ്രകൃതിയുമായി ഇണങ്ങാം, പൂക്കൾക്കും പൂമരങ്ങൾക്കുമൊപ്പം കൂട്ടുകൂടാം;കുട്ടികളുടെ ആശുപത്രിയിലെ പാർക്ക് ഉത്‌ഘാടനം ഓണത്തിന് ശേഷം.


ഏറ്റുമാനൂർ: കുട്ടികൾക്ക് ഇനി പ്രകൃതിയുമായി അടുത്തിണങ്ങാം, പ്രകൃതിയുടെയും പൂക്കളുടെയും പൂമരങ്ങളുടെയും തലോടലുകൾ ആസ്വദിക്കാം. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തെ കുട്ടികളുടെ ആശുപത്രിയില്‍ മിയാമി പാര്‍ക്കും സെന്‍സറിംഗ് ഗാര്‍ഡനും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു വേണ്ടി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്താണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.

 

 ഒരേക്കർ സ്ഥലത്താണ് പൂച്ചെടികളും പൂമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഗന്ധമുള്ള പൂക്കള്‍ ഉണ്ടാകുന്ന പാല,നാരകം,ചെമ്പകം എന്നിവയ്ക്കാണ് ഉദ്യാനത്തിൽ മുൻഗണന നൽകിയിരിക്കുന്നത്.  സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന പാർക്കിൽ ചെറിയ മുളങ്കാടുകളും  ശലഭോദ്യാനവും പാർക്കിന്റെ മാറ്റ് കൂട്ടുന്നു. പ്രത്യേക നടപ്പാതകളും വിശ്രമ സ്ഥലങ്ങളും നിർമ്മിച്ചിട്ടുണ്ട്. ആഴമില്ലാത്ത കുളം, മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍ ,ഊഞ്ഞാല്‍, മറ്റ് വിനോദോപാധികള്‍ തുടങ്ങിയവ പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപയും ജനകീയാസൂത്രണ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പാർക്കിന്റെ നിർമ്മാണോൽഘാടനം കഴിഞ്ഞ നവംബർ ഒന്നിന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിർവ്വഹിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനകീയാസൂത്രണ സ്മാരകമായി ഈ പാർക്കിനെ പ്രഖ്യാപിക്കും. ജനകീയാസൂത്രണ രജതജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷം രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഇന്ന് 2 മണിക്ക് ഉത്‌ഘാടനം ചെയ്യും.