കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസിനെ മാറ്റുമെന്നും കേരളാ കോൺഗ്രസ്സും സിപിഎമ്മും ജില്ലയിൽ കോൺഗ്രസ്സിന് ഭീഷണിയാകില്ല എന്നും കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ്സിനെ മാറ്റുമെന്നും പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകുമെന്നും കോട്ടയം ഡി സി സി യുടെ പുതിയ അമരക്കാരൻ നാട്ടകം സുരേഷ് പറഞ്ഞു. ഇപ്പോൾ കോട്ടയം നഗാരസഭയിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ നാട്ടകം ഗ്രാമപഞ്ചായത്ത് ഇടതു കോട്ടയിൽ നിന്നും യു ഡി എഫിനായി പിടിച്ചെടുത്താണ് നാട്ടകം സുരേഷ് രാഷ്ട്രീയത്തിൽ എത്തിയത്.
ജില്ലയിലെ കോൺഗ്രസ്സിന് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കുന്നതിനുള്ള കരുക്കളുമായാണ് ഡി സി സി യുടെ അമരത്തേക്ക് നാട്ടകം സുരേഷ് എത്തിയിരിക്കുന്നത്. ബൂത്ത് തലം മുതൽ പ്രവർത്തകർക്കൊപ്പം നിന്നും ആത്മവിശ്വാസം പകർന്നു ചിട്ടയായ രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു തുടങ്ങിയ സംഘടനകളെ ചേർത്തു നിർത്തുകയും ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടേത് വിമർശനമല്ല,മറിച്ച് അഭിപ്രായപ്രകടനമാണ്, രക്ഷാകർത്താവിന്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും നാട്ടകം സുരേഷ് പറഞ്ഞു. ഇന്നലെ രാവിലെ എം എൽ എ മാരായ ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും കെ സി ജോസഫിനെയും വസതിയിലെത്തി കണ്ടതിനു ശേഷമാണ് ഡി സി സി ഓഫിസിൽ എത്തിയത്.