കോവിഡ്: പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പ്രതിവാര രോഗബാധ നിരക്കിന്റെ അടിസ്ഥാനത്തിൽ, എല്ലാ ബുധനാഴ്ചയും വീക്കിലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ വിശക


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പ്രാകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ മേഖലകളായി തിരിച്ചു തദ്ദേശ സ്ഥാപന പരിധി മുഴുവൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് പകരം നാളെ മുതൽ പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമാകും നടപ്പിലാക്കുക.

പ്രതിവാര രോഗബാധ നിരക്കിന്റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും മേഖലകളിലെ രോഗബാധിതരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കണ്ടെയിന്മെന്റ് സോണുകൾ നിർണ്ണയിച്ചു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരാഴ്ച്ചയിലെ രോഗബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും വീക്കിലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ വിശകലനം ചെയ്തു നിയന്ത്രിത മേഖലകൾ ഏതൊക്കെയാണ് ജില്ലാ ഭരണകൂടം തീരുമാനിക്കും.

നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഓരോ ആഴ്ച്ചയിലേയും രോഗബാധിതരുടെ എണ്ണം ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമർപ്പിക്കുകയും ഈ കണക്കുകൾ വിശകലനം ചെയ്തു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജില്ലതല സമിതി തീരുമാനിക്കുകയും പ്രദേശങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.