രണ്ടു വെള്ളപ്പൊക്കങ്ങൾ, പടർന്നു പിടിച്ച കോവിഡ് മഹാമാരി, പ്രതിസന്ധികൾക്കിടയിലും ആർദ്രം മിഷനെ വിജയകരമായി നയിച്ച ഡോ. വ്യാസ് സുകുമാരൻ പടിയിറങ്ങുന്നു.


കോട്ടയം: നാല് വർഷത്തിലധികമായി ആരോഗ്യ കേരളം ആർദ്രം മിഷൻ ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. വ്യാസ് സുകുമാരൻ പടിയിറങ്ങുന്നു. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങൾക്കും പടർന്നു പിടിച്ച കോവിഡ് മഹാമാരിക്കുമിടയിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലും വിഷമ ഘട്ടങ്ങളിലും വിജയകരമായി മിഷനെ നയിച്ച ശേഷമാണ് ഉപരി പഠനത്തിനായി തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പോകുന്നത്.

 

 ആരോഗ്യ രംഗത്ത് ആർദ്രം മിഷന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ നടന്നത്. ആശുപത്രികളിലെയും ഹെല്ത്ത് സെന്ററുകളിലെയും ആരോഗ്യ പരിചരണ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാക്കി. കോവിഡ് വ്യാപനത്തിൽ ഓക്സിജൻ പ്രതിസന്ധിയിൽ ഓക്സിജൻ സൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പു വരുത്തി.  

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യാത്രയയപ്പ് ചടങ്ങിൽ രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ്ബ് വർഗീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.