നാളെ ഉത്രാടം, ഓണത്തിരക്കിൽ വിപണികൾ, പ്രതീക്ഷയിൽ വ്യാപാരികൾ.


കോട്ടയം: തിരുവോണത്തലേന്നു ഓണ ഒരുക്കത്തിനായുള്ള സാധന സാമഗ്രികൾക്കുള്ള ഉത്രാടപ്പാച്ചിലിനൊരുങ്ങി മലയാളികളും ഒപ്പം വിപണിയും. ജില്ലയിലെ വിപ്[ആണിയിൽ ഇന്ന് രാവിലെ മുതൽ ഉണർവ് അനുഭവപ്പെട്ടു തുടങ്ങി. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇന്നും നാളെയുമായി വിപണിയിൽ ഉണർവ്വേകുന്ന വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

പച്ചക്കറി,പലവ്യഞ്ജന കടകൾ പ്രത്യേക ഓണ സ്റ്റാളുകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ മാർക്കറ്റുകളിലും ഇന്ന് മുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. തുണിക്കടകളിലും കഴിഞ്ഞ രണ്ടു ദിവസമായി ഓണക്കോടിയെടുക്കുന്നവരുടെ തിരക്കായി തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രതിസന്ധികളിലായിരുന്നു മലയാളിയുടെ ഓണം. പ്രളയവും കോവിഡും തീർത്ത പ്രതിസന്ധികളിൽ തളരാതെ ഇത്തവണയും ഓണാഘോഷത്തിന്റെ സന്തോഷത്തിലാണ് കേരളക്കരയിലുള്ളവർ.

പച്ചക്കറികളിൽ വിവിധ സാധനങ്ങൾക്ക് വില വർധിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും കുടുബശ്രീയുടെയും ഓണച്ചന്തകൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനം ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയും കരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. ആഘോഷദിനങ്ങൾ ഒരിക്കലും വീഴ്ച്ചയുടേതാകരുത്.

ഉപ്പേരി വ്യാപാര കേന്ദ്രങ്ങളും ജില്ലയുടെ വിവിധ മേഖലകളിൽ സജീവമാണ്. ബേക്കറികളിലും കേറ്ററിംഗ് യൂണിറ്റുകളിലും പായസം മേളയും ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തിരുവോണ നാളിൽ തിരുവോണ സദ്യ ഓൺലൈൻ ബുക്കിങ്ങിലൂടെ പാഴ്സലിലൂടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്.