കോട്ടയം: മലയാളികളുടെ മഹോത്സവമായ ഓണത്തിന് തിരുവോണപ്പുലരിയുടെ വരവറിയിച്ചു അത്തം വിരുന്നെത്തി. അത്തം പത്തിനാണ് തിരുവോണം. കോവിഡ് രോഗവ്യാപനം ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയും കരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. ആഘോഷദിനങ്ങൾ ഒരിക്കലും വീഴ്ച്ചയുടേതാകരുത്.
കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു മാത്രമേ വരും ദിവസങ്ങളിൽ ഓണവിപണിയിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളും സന്ദർശിക്കാവൂ. കോവിഡ് സാഹചര്യത്തിൽ പരമാവധി ആഘോഷങ്ങൾ നമുക്കു വീടുകളിലൊതുക്കാം. അതോടൊപ്പം അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാനായി കടകൾ സന്ദർശിച്ചു തിരക്ക് കൂട്ടാതെ ഈ പൊന്നോണം തൊടിയിലെ പൂക്കൾക്കൊപ്പം ആഘോഷിക്കാൻ പരിശ്രമിക്കാം.
വൈവിധ്യങ്ങളായ നിരവധി പൂക്കൾ നമ്മുടെ തൊടിയിലുണ്ടാകും. പൂക്കളും ഇലകളും കായ്കളും എല്ലാം ഉൾപ്പെടുത്തി ഒരുമയുടെ പൂക്കളം തീർക്കാം നമുക്ക് ഈ ഓണക്കാലത്ത്. തെച്ചിയും ചെമ്പരത്തിയും വാടാമുല്ലയും കോളാമ്പിപ്പൂക്കളും ജമന്തിയും നമ്മുടെ പൂന്തോട്ടത്തിൽ നിന്നും വിവിധ നിറങ്ങളിലെ ഇലകളും കായ്കളും നമ്മുടെ തൊടിയിൽ നിന്നും പൂക്കളത്തിലേക്കെടുക്കാം. പ്രതിരോധത്തിനൊപ്പം ആഘോഷിക്കാം ഈ ഒരുമയുടെ ഓണക്കാലം തൊടിയിലെ പൂക്കൾക്കൊപ്പം.