ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത പരാതിയിൽ സ്വദേശികളായ 2 പേർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ, ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികത്തൊഴിലാളിയുടേത് എന്ന പേരിൽ ഇവർ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിക്കുകയായിരുന്നു.
തയ്യൽ ജോലി ചെയ്യുന്ന വീട്ടമ്മയെ ദിവസേന നൂറിലധികമാളുകളാണ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിളിച്ചു കൊണ്ടിരുന്നത്. ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. 8 മാസത്തിലധികമായി ഇത്തരം ശല്യം തുടർന്ന് പോരുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ പരാതിയിൽ മുഖ്യമന്ത്രി ഇടപെടുകയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കോട്ടയം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, ചങ്ങനാശ്ശേരി, വാകത്താനം സി.ഐമാർ എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു.