കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രമേഹവും രക്താദിമര്‍ദ്ദവും ഉള്ളവര്‍ ഇവ അനിയന്ത്രിതമായ നിലയിലല്ലെന്ന് ഉറപ്പാക്കണം. ഇതിനായി അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാകണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
രക്തത്തിലെ പഞ്ചാസാരയുടെ അളവും രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന നിലയിലാണെങ്കില്‍ ചികിത്സ തേടണം. ജില്ലയില്‍ 18 വയസിനു മുകളിലുള്ളവരിൽ എണ്‍പതു ശതമാനത്തോളം പേര്‍ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയവർക്കും രക്താദിമർദ്ദം ഉള്ളവര്‍ക്കും കോവിഡ് ബാധിച്ചു കഴിഞ്ഞാൽ ഗുരുതര നിലയിലാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവർക്ക് ആശുപത്രി ചികിത്സ വേണ്ടിവന്നേക്കാം. വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്ത സമ്മർദ്ദവും നിയന്ത്രണവിധേയമാണെങ്കില്‍ കോവിഡ് ബാധ ഗുരുതരാമാകാനുള്ള സാധ്യത കുറവാണ്. കോവിഡ് ബാധിച്ച് വീടുകളില്‍ ചികിത്സയിൽ കഴിയുന്നവരില്‍ പ്രമേഹവും രക്താദിമര്‍ദ്ദവും ഉള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തദ്ദേശ സ്ഥാപനത്തലത്തിലുള്ള ഡോമിസിലിയറി പരിചരണ കേന്ദ്രത്തിലോ അടുത്തുള്ള സി.എഫ്.എല്‍.ടി.സിയിലോ എത്തി പരിശോധന നടത്തണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പ്രമേഹവും രക്താദിമർദ്ദവുമുള്ളവര്‍ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്താതെ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ തുടരുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു.