ശബരിമല നട ഞായറാഴ്ച്ച തുറക്കും, ഭക്തർക്ക് പ്രവേശനം 16 മുതൽ.


കോട്ടയം: നിറപുത്തരി-ചിങ്ങമാസ-ഓണ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച്ച തുറക്കും. ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. 16 നാണു നിറപുത്തരി പൂജ. നിറപുത്തരിപൂജകള്‍ക്കായി 16 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും.

 

 തുടര്‍ന്ന് നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ശബരിമലയില്‍ കരനെല്‍കൃഷിചെയ്ത നെല്‍കറ്റകള്‍ മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ട് പോകും. പൂജകള്‍ക്ക് ശേഷം തന്ത്രി നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.16 ന് പുലര്‍ച്ചെ 5:55 നും 6.20 നുമിടയ്ക്കുള്ള  മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ. 16 മുതൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു ഭക്തർക്ക് പ്രവേശനം അനുവദിക്കും. 16 മുതല്‍ 23 വരെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍  നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. ശബരിമലയില്‍ പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഓണം നാളുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച്  ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും. ആഗസ്റ്റ് 23 ന് നടയടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും.