ശബരിമല: എട്ടു ദിവസം നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയത് പതിനയ്യായിരത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രം, വെര്‍ച്വല്‍ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വം


കോട്ടയം: നിറപുത്തരി-ചിങ്ങമാസ-ഓണ പൂജകൾക്കായി ശബരിമല നട 8 ദിവസങ്ങൾ തുറന്നെങ്കിലും ഈ ദിവസങ്ങളിൽ ദർശനം നടത്തിയത് പതിനയ്യായിരത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രമാണെന്ന് ദേവസ്വം ബോർഡ്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

 

 വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനത്തിനു അനുമതി നൽകിയിരുന്നത്. എന്നാൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. ഇത് കാരണമാണ് കൂടുതൽ ഭക്തർ ദർശനത്തിനു എത്താൻ സാധിക്കാഞ്ഞതെന്നും സർക്കാരിനെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

 

 വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് സാധ്യമാകുന്നില്ല എന്നുള്ള പരാതികളാണ് ഭക്തരിലധികം പേർക്കുമെന്നു അധികൃതർ പറഞ്ഞു. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കുമ്പോൾ ഇളവുകൾ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.