കോട്ടയം: സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍.എ.ആര്‍.ആര്‍. ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്. അതേസമയം വിവിധ ഭാഗങ്ങളിലായി വിവിധ സംഘടനകൾ പദ്ധതിക്ക് എതിർപ്പുമായും രംഗത്തുണ്ട്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു എതിരെ ഏറ്റുമാനൂരിൽ കേരളാ ആന്റി സെമി ഹൈസ്പീഡ് ആക്ഷൻ കൗൺസിൽ കോട്ടയത്തിന്റെ നേതൃത്വത്തിൽ മുൻപ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്ക് നഷ്ടപരിഹാരം നാലിരട്ടി വരെ നൽകുമെന്ന് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്ക് വിപണി വിലയുടെ 2 മുതൽ 4 വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പറഞ്ഞു. മരങ്ങൾ,വീടുകൾ,മറ്റു കെട്ടിടങ്ങൾ എന്നിവയ്ക്ക് ഇരട്ടിത്തുക നഷ്ടപരിഹാരമായി നൽകും.
25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്ററെടുക്കുന്നത്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സിൽവർ ലൈൻ പ്രൊജക്റ്റ് കെ-റെയിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി മാമ്മൂട്ടിൽ നടന്ന കെ-റെയിൽ വിരുദ്ധ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും പാത കടന്നു പോകുന്ന ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.