കോട്ടയം: സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലെ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിനാവശ്യമായ പ്രാരംഭ നടപടികൾക്കുള്ള അനുമതി സർക്കാർ നൽകി.
കോട്ടയം ഉൾപ്പടെ 11 ജില്ലകളിലായി 955 ഹെക്ടർ ഭൂമിയാണ് സിൽവർ ലൈൻ പാതയ്ക്കായി ഏറ്റെടുക്കുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍.എ.ആര്‍.ആര്‍. ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കുന്നത്.
പദ്ധതിക്കായി കോട്ടയം ജില്ലയിൽ നിന്നും 108.11 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവ്വേ നമ്പറുകൾ താലൂക്ക് വിലേജ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും പാത കടന്നു പോകുന്ന ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും ആരംഭിക്കും.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്.