കോട്ടയത്തിന്റെ ആകാശ നടപ്പാതയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നുവോ? ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ഇന്ന് യോഗം ചേർന്നു.


കോട്ടയം: ട്രോളുകളിൽ പാറിപ്പറന്നു നടക്കുന്ന കോട്ടയത്തിന്റെ ആകാശ നടപ്പാതയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത്.

 

 ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് കോട്ടയം കളക്ട്രേറ്റിൽ യോഗം ചേർന്നു. രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിറ്റ്കോ യെ ആണ് ചുമതലപ്പെടുത്തിയിരുന്നതെന്നും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കിറ്റ്കോ യ്ക്ക് കഴിയാതെ വന്നതുമാണ് പദ്ധതി പാതി വഴിയിൽ നിലയ്ക്കാണ് കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

 

 മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കിറ്റ്കോ യുമായി മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കില്ല എന്നും കരാർ അവസാനിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തുടർ നടപടികൾ പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കിറ്റ്കോ യുമായി സമയബന്ധിതമായി ചർച്ച പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയെ മന്ത്രി ചുമതലപ്പെടുത്തി. ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. ഇന്ന് കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യും. കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിൽ 2016 ൽ ആവിഷ്കരിച്ച നല്ലൊരു പദ്ധതി തന്നെ ആയിരുന്നു ഇത്. 2016 ൽ അഞ്ചു മാസം കൊണ്ട് പൂർത്തകരിക്കും എന്ന് പറഞ്ഞ പദ്ധതി പിന്നീട് സമൂഹമാധ്യമ കൂട്ടായ്മകൾക്കും വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്കും ട്രോളിക്കളിക്കാനുള്ള സ്ഥിരം വിഷയമായി. ഓണവും ക്രിസ്മസുമുൾപ്പടെ എല്ലാ വിശേഷ ദിനങ്ങളിലും കോട്ടയത്തിന്റെ ആകാശ നടപ്പാത ട്രോളുകളിൽ ഇടം നേടിയിരുന്നു. ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിച്ച ആകാശ നടപ്പാതയുടെ നിർമ്മാണം പെരുവഴിയിലായതോടെ രാവിലെയും വൈകിട്ടും ഈ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സ്ട്രക്ച്ചറുകളുടെ നിർമ്മാണം പൂർത്തിയായപ്പോഴായിരുന്നു പ്രളയം. അതിശക്തവുമായ മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ആകാശ നടപ്പാതയുടെ നിർമ്മാണം പാതി വഴിയിൽ നിലച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുമ്പനത്തെ യാർഡിൽ വെള്ളം കേറിയതിനാൽ ആകാശ നടപ്പാതയുടെ മുകളിൽ പതിപ്പിക്കാനുള്ള പ്ലാറ്റുഫോമുകൾ കോട്ടയത്തേക്കെത്തിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് പണികൾ പൂർണ്ണമായും മുടങ്ങുകയായിരുന്നു.