കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ, നടപ്പിലാക്കുന്നത് ട്രിപ്പിൾ ലോക്ക് ടൗണിനു സമാനമായ നിയന്ത്രണങ്ങൾ.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം ഉൾപ്പടെയുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിച്ചിരുന്നു.

 

 സംസ്ഥാനത്ത് ഇന്നലെ 30,077 പേര്‍ക്ക് ആണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ മാത്രം ഇന്നലെ 1992 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. സ്വാതന്ത്ര്യ ദിനവും ഓണവും പ്രമാണിച്ച് കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും ആശങ്കാവഹമായി ഉയരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച്ച ലോക്ക് ഡൗൺ വീണ്ടും പുനഃക്രമീകരിക്കാൻ തീരുമാനിച്ചതും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായതും. സംസ്ഥാനത്തെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. ജില്ലയിലെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 18.01 ശതമാനമാണ്.  

 ഓണം പ്രമാണിച്ച് കൂടുതലായി നൽകിയ ഇളവുകൾ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കാൻ തീരുമാനിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അത് കൃത്യമായി പാലിക്കാതെ ഇറങ്ങി നടക്കുന്നതായും ഇത് കുടുംബാംഗങ്ങൾക്കിടയിലും സമീപ പ്രദേശങ്ങളിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതാണ് കോവിഡ് അവലോകന യോഗം വിലയിരുത്തി.

1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 37,11,625 പേര്‍ സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,59,821 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 68 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 346 വാര്‍ഡുകളാണ് സംസ്ഥാനത്ത് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. കോട്ടയം ജില്ലയിൽ ഇതുവരെ ആകെ 248882 പേര്‍ കോവിഡ് ബാധിതരായി.  237784 പേര്‍ ഇതുവരെ ജില്ലയിൽ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44398 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.