ടേക്ക് എ ബ്രേക്ക് പദ്ധതി: കോട്ടയം ജില്ലയിൽ ഇരുപതോളം കേന്ദ്രങ്ങളില്‍ ശുചിമുറികള്‍ സജ്ജമാകുന്നു.


കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ കോട്ടയം ജില്ലയിൽ ഇരുപതോളം കേന്ദ്രങ്ങളില്‍ ശുചിമുറികള്‍ സജ്ജമാകുന്നു. ജില്ലയിലെ 77 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 127 സ്ഥലങ്ങളിലാണ് പദ്ധതി.


 

 നിലവിലുള്ള 38 പൊതു ശുചിമുറികളുടെ നവീകരണവും ഇതിൽ ഉൾപ്പെടും. ദേശീയ- സംസ്ഥാന പാതയോരങ്ങൾ, പാതയോരങ്ങളിലെ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ശുചിമുറികള്‍ ഒരുക്കുന്നത്.

 

 സ്ഥലമുള്ള മേഖലകളില്‍ വിശ്രമകേന്ദ്രങ്ങളും കോഫി ഷോപ്പുകളും സജ്ജമാക്കും. പെർഫോമൻസ് ബേസ്ഡ് ഇൻസെൻ്റീവ് ഗ്രാൻ്റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ ) ഫണ്ട് എന്നിവയാണ് പദ്ധതിയ്ക്കായി വിനിയോഗിക്കുന്നത്. അതത് തദ്ദേശ സ്ഥാപനത്തിൻ്റെ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പിന്‍റെയും പരിപാലനത്തിന്‍റെയും ചുമതല.