കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയത്ത് ഇരട്ട സഹോദരന്മാർ ആത്മഹത്യ ചെയ്തു. കോട്ടയം കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ (34) എന്നിവരെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രെയിൻ ഓപ്പറേറ്റർ ജോലിയും വർക്ക് ഷോപ്പ് ജോലിയും ചെയ്യുന്നവരായിരുന്നു ഇരുവരും. ഇവർക്ക് 10 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്നതായാണ് അയൽക്കാർ നൽകുന്ന വിവരം. അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഇവർ വായ്പ എടുത്തിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഇരുവർക്കും നാളുകളായി വരുമാനം നിലച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പണം തിരിച്ചടയ്ക്കണമെന്നും ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
ഇതേത്തുടർന്ന് ഇവർ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്ന് രാവിലെ മാതാവ് ഫാത്തിമയാണ് ഇരുവരെയും ഇവരുടെ മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം കല്ലറയിലും കടബാധ്യതയെ തുടർന്ന് വാഹന ഉടമ ആത്മഹത്യ ചെയ്തിരുന്നു.