തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിലാണ് പുതുക്കിയ ലോക്ക് ഡൗൺ മാനദണ്ഡങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ഇനി മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച മാത്രമായിരിക്കും ഇനി മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകുക. ഇളവുകൾ നൽകിയെങ്കിലും ആൾക്കൂട്ടം അനുവദിക്കില്ല എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശനാനുമതി. ആരാധനാലയങ്ങളുടെ വിസ്തൃതി അനുസരിച്ചായിരിക്കും ഇത് ബാധകമാകുക. അതേസമയം വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിതരുടെ എണ്ണം കൂടുതലായുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ആയിരത്തിൽ പത്തിൽ കൂടുതൽ രോഗബാധിതരുള്ള മേഖലകളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കണം. വ്യാപാരികൾ ഇക്കാര്യം ഉറപ്പ് വരുത്തണം. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരും കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരും മാത്രം പൊതുസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിക്കുന്നതായിരിക്കും ഉചിതം.