വൈക്കം: വൈക്കത്തു മത്സ്യക്കുളത്തിനായി നിലം കുഴിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം. വർഷങ്ങളായി കാട് മൂടിക്കിടന്നിരുന്ന സ്ഥലം വാടകയ്‌ക്കെടുത്തു മത്സ്യക്കുളം നിർമ്മിക്കുന്നതിനായി കുഴിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
കാർത്തികയിൽ രമേശന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കരിയാറിനോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് മുൻപ് പൊതി മടൽ മൂടുന്ന മേഖലയായിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകിയ കരിയാറിൽ ഒഴുകി വന്ന മൃതദേഹം ഇവിടെ അടിഞ്ഞതാണോ അതോ കൊലപാതകമാണോ എന്നുള്ള കൂടുതൽ വിവരങ്ങൾ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കു. സ്ഥലത്ത് മറ്റു ശരീരാവശിഷ്ടങ്ങൾ ലഭ്യമാകുമോ എന്ന് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.