കോട്ടയം .കോട്ടയം നഗരസഭയുടെ വേളൂർ ഡിവിഷനിൽ പ്രവർത്തിക്കുന്ന അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ നഗരാരോഗ്യ ഉപകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. തെക്കൻ കേരളത്തിൽ ആദ്യമായി ആരംഭിച്ച നഗരാരോഗ്യ ഉപകേന്ദ്രത്തിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം ലഭ്യമാണ്.
ജീവിതശൈലി രോഗനിർണയം, ഗർഭിണികൾ,കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്കുള്ള ആരോഗ്യ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പാറപ്പാടം അംഗൻവാടി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. കൗൺസിലർമാരായ സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, ആരോഗ്യകേരളം മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ സന്നിഹിതരായിരുന്നു.