പ്രതിവാര രോഗബാധ നിരക്ക്: കോട്ടയം ജില്ലയിൽ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായേക്കില്ല.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രതിവാര രോഗബാധ നിരക്ക് ഇന്ന് വിശകലനം ചെയ്യും. ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ കോട്ടയം ജില്ലയിലെ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കഴിഞ്ഞ ഒരാഴ്ച്ചത്തെ രോഗബാധിതരുടെ എണ്ണം വിശകലനം ചെയ്യും.

 

 ആരോഗ്യ വകുപ്പ് നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ രോഗബാധ കൂടുതലായുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും. രോഗബാധിതർ കൂടുതലുള്ള മേഖലകളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ തിരിച്ചു നിയന്ത്രണം ശക്തമാക്കും. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏർപ്പെടുത്താനാണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഡബ്ല്യു.ഐ.പി.ആര്‍ 8 നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലില്ല. ജില്ലയിൽ ഉയർന്ന നിരക്ക് മീനടം ഗ്രാമപഞ്ചായത്തിലാണ് ഡബ്ല്യു.ഐ.പി.ആര്‍ ഉയർന്നു നിൽക്കുന്നത്. 5.97 ആണ് ഈ മേഖലയിലെ ഡബ്ല്യു.ഐ.പി.ആര്‍. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ ജില്ലയിലില്ലാത്തതിനാൽ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായേക്കില്ല.

ആരോഗ്യ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ടുകൾ പ്രകാരമായിരിക്കും ജില്ലയിൽ അടുത്ത ഒരാഴ്ച്ചത്തേക്കുള്ള നിയന്ത്രിത മേഖലകൾ പ്രഖ്യാപിക്കുക. എല്ലാ ബുധനാഴ്‌ച്ചയും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് തദ്ദേശ സ്ഥാപന മേഖലകളിലെ പ്രതിവാര രോഗബാധ നിരക്ക് വിശകലനം ചെയ്തു രോഗബാധിത നിയന്ത്രിത മേഖലകൾ ഏതൊക്കെയെന്നു പ്രഖ്യാപിക്കും.