രാജ്യത്തെ മികച്ച ആശുപത്രികളിൽ ഒന്നാമതായി കോട്ടയം മെഡിക്കൽ കോളേജ്, അഭിമാന നിമിഷം!


കോട്ടയം: രാജ്യത്തെ മികച്ച ആശുപത്രികളിൽ ഒന്നാമതായി കോട്ടയം മെഡിക്കൽ കോളേജ്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ആയുഷ് മാൻ ഭാരത് വിഭാഗമാണ് മെഡിക്കൽ കോളേജിന് ഈ അംഗീകാരം നൽകിയത്. ആയുഷ്മാൻ ഭാരത് സ്‌കീംമിലെ  2020-21 കാലയളവിലെ വലിയ സംസ്ഥാനങ്ങളുടെ  വിഭാഗത്തിൽ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാമതെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഇതോടെ മികച്ച ചികിത്സാ സേവനങ്ങളിൽ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളെജ് ഒന്നാമത് എത്തിയത് അഭിമാന നിമിഷമാണ്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മെന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. സൗജന്യ ചികിത്സ നല്‍കുന്നതിലുള്ള കാര്യക്ഷമതയാണ് പുരസ്‌കാര നിര്‍ണയത്തിന് വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും മെഡിക്കല്‍ കോളെജ് ജീവനക്കാരുടെ പ്രവര്‍ത്തന മികവും ഈ അംഗീകാരം നേടാന്‍ സഹായകമായി. കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാവിധ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാര്‍ സന്നദ്ധമായിരുന്നു എന്ന് രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവാൻ പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, ആശുപത്രി വികസന സമിതി, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് രാജ്യത്തെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന  ഏറ്റവും കൂടുതലാളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമായി മാറാന്‍ കഴിഞ്ഞതിനു പിന്നില്‍ എന്നും എല്ലാവരെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.