ഭാരത് ബന്ദ്: പ്രധാന റൂട്ടിൽ അവശ്യ സർവ്വിസുകൾ പോലീസ് നിർദ്ദേശ പ്രകാരവും സംരക്ഷണയോടെയും മാത്രം; സിഎംഡി.


തിരുവനന്തപുരം: തിങ്കളാഴ്‌ച്ചത്തെ ഭാരത് ബന്ദിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്തെ തൊഴിലാളി സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പ്രധാന റൂട്ടിൽ അവശ്യ സർവ്വിസുകൾ പോലീസ് നിർദ്ദേശ പ്രകാരവും സംരക്ഷണയോടെയും മാത്രമായിരിക്കും സർവ്വീസ് നടത്തുക എന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല. അവശ്യ സർവ്വിസുകൾ വേണ്ടി വന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം അനുസരിച്ചും മാത്രം രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച്  പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പോലീസ് സംരക്ഷണയോടെയും മാത്രം സർവ്വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ ഉണ്ടായിരിക്കുന്നതും ദീർഘദൂര സർവ്വീസുകൾ അടക്കം എല്ലാ സ്റ്റേ സർവ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളിൽ നിന്നും ആരംഭിക്കുന്നതുമാണ്. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.