ക്വാറൻ്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും; ജില്ലാ കളക്ടർ.


കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു. ക്വാറൻ്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് ബാധിച്ചവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവരും പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും വാര്‍ഡ്തല ജാഗ്രതാ സമിതികളും പോലീസ്, ആരോഗ്യം, റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം എന്നും ജില്ലാ കളക്ടർ പറഞ്ഞു. ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക്  ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും  വാര്‍ഡ്തല ജാഗ്രതാ സമിതികളും ആവശ്യമായ സഹായം നല്‍കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് ക്വാറൻ്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ പറഞ്ഞു.