കോട്ടയം ജില്ലയില്‍ 60000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എത്തി, ബുക്കിംഗ് ഇന്ന് വൈകുന്നേരം 7 മണി മുതൽ.


കോട്ടയം: അറുപതിനായിരം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയതോടെ കോട്ടയം ജില്ലയില്‍ നേരിട്ടിരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിനു മുകളിലുള്ള ഒന്നര ലക്ഷത്തോളം പേര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്ക്. ഇവരില്‍ എല്ലാവരെയും സെപ്റ്റംബര്‍ 30നകം വാക്സിനേറ്റ് ചെയ്യുന്നതിനാണ് മുന്‍ഗണനയെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്കും വാക്സിന്‍ നല്‍കും.  നാളെയും മറ്റന്നാളും (സെപ്റ്റംബര്‍ 7,8)വിവിധ കേന്ദ്രങ്ങളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍  നടത്തും. ഇതിനു പുറമെ ജില്ലയിലെ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും  വാക്സിന്‍ ലഭ്യമാണ്. വാക്സിൻ  സ്വീകരിക്കേണ്ടവര്‍ അതത് സ്ഥലങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുകയോ ചെയ്യണം. ഇന്ന് (സെപ്റ്റംബര്‍ 6) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ ബുക്കിംഗ് നടത്താം.