അവിശ്വാസം: വിവേചനത്തിനും ഏകാധിപത്യ പ്രവണതക്കുമെതിരായ താക്കീത്; എസ്ഡിപിഐ.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ മുൻ ഭരണ നേതൃത്വത്തിന്റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകൾക്കെതിരായ നിലപാടാണ് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ  എസ്ഡിപിഐ കൈക്കൊണ്ടതെന്നു പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് സി എച്ച് ഹസീബ് പറഞ്ഞു. 



അവിശ്വാസ പ്രമേയം പാർട്ടിയുടെ അഞ്ച് കൗണ്സിലർമാരുടെയും പിന്തുണയോടെ പാസായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ വന്ന അവിശ്വാസ നീക്കങ്ങളിലെന്ന പോലെ ഇത്തവണയും നാടിന്റെ വികസന താൽപര്യങ്ങൾ മാത്രം പരിഗണിച്ചുള്ള നിലപാടാണ് പാർട്ടി കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ഒൻപത് മാസത്തെ ഭരണ കാര്യങ്ങളിൽ സ്വജന പക്ഷപാതിത്വവും വിവേചനവും അസഹനീയമാം വിധത്തിലേക്ക് മാറിയിരുന്നു. വികസന കാര്യങ്ങളിൽ വാചകക്കാസർത്തുകൾക്കപ്പുറം ആശാവാഹമായ ഇടപെടലുകളൊന്നും തന്നെ നടന്നിട്ടില്ല. മുനിസിപ്പൽ കൗണ്സിൽ അംഗങ്ങളെ ഒറ്റക്കെട്ടായി കൊണ്ടു പോകാൻ ഭരണ നേതൃത്വത്തിനായിട്ടില്ല. പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളോടുള്ള വിവേചനം അവരെ വിജയിപ്പിച്ചയച്ച പ്രദേശങ്ങളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ബന്ധപ്പെട്ടവർ മനസ്സിലാക്കിയില്ല. തുടർച്ചയായുണ്ടാവുന്ന അവിശ്വാസ നീക്കങ്ങളിൽ ജനങ്ങൾ അസ്വസ്ഥരാണെന്നറിയാം. എന്നാൽ, വീണ്ടും അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതിൽ ഭരണ കക്ഷികളിൽപ്പെട്ടവരാണ് ഉത്തരവാദികൾ.   ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം സ്വീകരിക്കേണ്ട പ്രായോഗിക പരിഹാരമാണ് പാർട്ടി ഇവിടെ കൈക്കൊണ്ടിട്ടുള്ളത്. അതിനെ രാഷ്ട്രീയക്കച്ചവടമായി പറഞ്ഞു പരത്തുന്നവർ തെളിവുകളില്ലാത്ത കള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പുതിയ ഭരണ സമിതിക്ക് വിവേചനമില്ലാത്ത, സുസ്ഥിരമായ വികസനം  കാഴ്ച വെക്കാനാവട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.