കോട്ടയം: ഭരണ സ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭ യുഡിഎഫ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വസ പ്രമേയം പാസായത്. 52 അംഗ നഗരസഭയിൽ 29 പേർ അവിശ്വസ പ്രമേത്തെ പിന്തുണച്ചു വോട്ട് ചെയ്തു. യുഡിഎഫിന്റെ 22 അംഗങ്ങൾ വിട്ടുനിന്നു. സിപിഎം സ്വാതന്ത്രന്റെ വോട്ട് അസാധുവായി. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണ സമതി അവഗണിച്ചിരുന്നതായും ഭരണ സമിതിയെ താഴെയിറക്കാനാണ് അവിശ്വസ പ്രമേത്തെ അനുകൂലിച്ചതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു പറഞ്ഞു. ഇതോടെ ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫ് നു ഭരണം നഷ്ടമായി. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് അവിശ്വസ പ്രമേയം പാസായപ്പോൾ കോട്ടയത്ത് ബിജെപി പിന്തുണ ലഭിച്ചു. 52 അംഗങ്ങളുള്ള കോട്ടയം നഗരസഭയിൽ യുഡിഎഫ് നു 22 അംഗങ്ങളും എൽഡിഎഫ് നു 22 അംഗങ്ങളും ബിജെപിക്ക് 8 അംഗങ്ങളുമാണുള്ളത്. കോൺഗ്രസ്സ് വിമതയായി വിജയിക്കുകയും പിന്നീട് യുഡിഎഫിൽ എത്തുകയും നറുക്കെടുപ്പിലൂടെ ചെയര്പേഴ്സണാകുകയുമായിരുന്നു ബിൻസി സെബാസ്റ്റ്യൻ.
കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വസ പ്രമേയം പാസായി, ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫിനു ഭരണം നഷ്ടമായി.