കോട്ടയം: പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ കോട്ടയത്തും പാലായിലും പ്രതിഷേധ പ്രകടനം നടത്തി.

 

 ബിഷപ്പിന്റെ പരാമർശത്തിനെതിരെ മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലും പാലായിലും പി ഡി പി പാലായിലും പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ഐക്യ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടന്ന പ്രകടനം പാലാ ബിഷപ്പ് ഹൗസിന് തൊട്ടു മുൻപ് വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. വൻ പോലീസ് സന്നാഹമായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ലവ് ജിഹാദ്, നർക്കോട്ടിക്ക് ജിഹാദ് പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് മുസ്ലിം സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു. കേരളത്തിലെ സമധാനന്തരീക്ഷം തകർക്കുന്ന തരത്തിലാണ് സഭാ അധ്യക്ഷന്മാരുടെ ആരോപണങ്ങൾ എന്ന് പോപുലര്‍ ഫ്രണ്ട് കോട്ടയം ജില്ല പ്രസിഡന്റ് സുനീര്‍ മൗലവി അല്‍ ഖാസിമി പറഞ്ഞു. ഇന്ന് 4  മണിയോടെയായിരുന്നു മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായി എത്തിയത്. പിന്നാലെ ആരംഭിച്ച പി ഡി പി യുടെ മാർച്ച് കടപ്പാട്ടൂർ ബൈപ്പാസ് കവലയിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും കത്തോലിക്കാ വിശ്വാസികളായ പെൺകുട്ടികളെ ഇരയാക്കുന്നതായും ഗുരുതര ആരോപണമാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ലത്തിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. വിവാദ പരാമർശത്തിൽ  മഹല്ല് കോ-ഓര്‍ഡിനേഷൻ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തുടർനടപടികൾക്കായി ഡി വൈ എസ് പി ക്കു കൈമാറി.