കുറുപ്പന്തറ: കുറുപ്പന്തറയിൽ പിക്ക് അപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലിടിച്ചത് ബോധരഹിതനായ തൊഴിലാളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ.
ഇന്നലെ കുറുപ്പന്തറ പുളിന്തറ വളവിലാണ് അപകടം ഉണ്ടായത്. കേറ്ററിംഗ് തൊഴിലാളിയായ ബിനോയ് പാചകത്തിനിടെ ബോധരഹിതനായി അടുക്കളയിൽ വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പിക്ക് അപ്പ് വാൻ റോഡിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതനല്ലൂർ ഡെലീഷ്യ കേറ്ററിങ് യൂണിറ്റിലെ തൊഴിലാളികളായ ചാമക്കാല കൊറ്റേടം ബിനോയി (40), ഡ്രൈവർ കുറുമള്ളൂർ പുത്തേട്ട് അജയ് (36), കോതനല്ലൂർ പാലത്താട്ടിൽ അനൂപ് (20) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിനോയിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ എതിരെയെത്തിയ കാറിലും പിന്നിലെത്തിയ കാർ അപകടത്തിൽപെട്ട കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.