കോട്ടയം: മതവിദ്വേഷം ആളിക്കത്തിക്കുന്ന തരത്തില്‍ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പൗരസമൂഹം നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ എസ്ഡിപിഐക്കെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അടിസ്ഥാന രഹിതമായ നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സിയാദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നുണക്കഥകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ ധ്രുവീകരണത്തിനും കലാപത്തിനുമുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. വിവാദ പ്രസ്താവന മൂലം പൊതുസമൂഹത്തിലുണ്ടായ പ്രതിഷേധത്തെ ചിലരുടെ മേല്‍ കെട്ടിവെച്ച് വഴിതിരിച്ചുവിടാനുള്ള ശ്രമം വിലപ്പോകില്ല.
പ്രതിഷേധത്തിന്റെ മറവില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനെതിരെയും ചര്‍ച്ചുകള്‍ക്കെതിരേയും ഭീകരമായ ആക്രമണം നടത്തുന്ന സംഘപരിവാരം പാലായില്‍ ബിഷപ്പിന് സംരക്ഷണമൊരുക്കുന്നതിന്റെ ദുഷ്ടലാക്ക് എല്ലാവര്‍ക്കും ബോധ്യമുണ്ട്. പാലായില്‍ ബിഷപ്പിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചത് വിശ്വാസികളാണെന്ന് കരുതാനാവില്ല.
ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമായ എന്‍ ഹരി, ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. വിഷയത്തെ ഇരു സമുദായങ്ങള്‍ തമ്മിലുള്ള കലാപമാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. സംഘപരിവാരത്തിന്റെ ഗൂഢനീക്കത്തെ തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢസംഘത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും സിയാദ് ആവശ്യപ്പെട്ടു.