കോട്ടയം : ഹൃദയ ശൂന്യരും കഠിന ഹൃദയരും വളരെ വർധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ ഹൃദയത്തിന്റെ നന്മയുടെ പ്രാധ്യാന്യം ഓർമ്മിക്കാനും, ഓർമ്മപെടുത്തുവാനും ചൂണ്ടിക്കാണിക്കുവാനും വേണ്ടിയാകണം ലോക ഹൃദയദിനം ആചരിക്കേണ്ടതെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി, കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ചു കോട്ടയം ജില്ലയിലെ ഹൃദയ രോഗചികിത്സാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഹൃദയരോഗ വിദഗ്ദരെ ആദരിക്കുന്ന ചടങ്ങു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയത്തിന്റെ നന്മ തിരിച്ചറിയാനും അത് ഉത്തേജിപ്പിക്കുവാനും നമുക്ക് ഈ ദിനാചരണം കൊണ്ട് സാധിക്കണം. ഡോക്ടർമാർ മികച്ച കലാകാരൻ കൂടിയാന്നെന്നു നാം തിരിച്ചറിയണം. ഹൃദയം ശരീരത്തിലെ ഒരു അവയവം മാത്രമല്ല, നമ്മുടെ എല്ലാ കലാസൃഷ്ടികളിലും പാത്രീഭവിച്ചിട്ടുള്ള ഏകശിലാരൂപമാണ് ഹൃദയം എന്ന അവയവം. സാഹിത്യ സൃഷ്ടിയിലുൾപ്പെടെ എല്ലാ കലാവിഭാഗങ്ങളും ഹൃദയം ഒരു പ്രധാന രൂപമാണ്. ഹൃദയത്തെ കുറിച്ച് എഴുതാത്തവരോ, പറയാത്തവരോ, പാടാത്തവരോ, ചിത്രം വരക്കാത്തവരോ കുറവാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ വ്യാകുലപ്പെടുന്നതും അവന്റെ ഹൃദയത്തെ കുറിച്ച് ഓർത്താണ്. ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.
കാരിത്താസ് ആശുപത്രി ഡയക്ടർ റവ ഡോ. ബിനുകുന്നത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ തോമസ് ചാഴികാടൻ എം പി , മോൻസ് ജോസഫ് എം എൽ എ , ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് നിർമ്മല ജിമ്മി, കോട്ടയം ഡി വൈ എസ് പി സന്തോഷ്‌കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. എൻ. വിദ്യാധരൻ, ഫാ ജിനു കാവിൽ, ഡോ. ജോണി ജോസഫ്, ഡോ. ദീപക് ഡേവിസൺ, ഡോ. രാജേഷ് രാമൻകുട്ടി, ഡോ. നിഷ, ഡോ. തോമസ് ജോർജ് എന്നിവർ സംസാരിച്ചു.
പ്രൊഫ: ജോർജ് ജേക്കബ്, പ്രൊഫ: രാജൻ മാഞ്ഞുരാൻ, പ്രൊഫ: പി. ചന്ദ്രമോഹൻ, പ്രൊഫ: എൻ. സുധയകുമാർ, പ്രൊഫ: എസ്. അബ്‌ദുൾ ഖാദർ, പ്രൊഫ: വി.എൽ. ജയപ്രകാശ്, പ്രൊഫ: സുരേഷ്‌കുമാർ, ഡോ: ജോസ് ചാക്കോ, പ്രൊഫ: ടി.കെ. ജയകുമാർ, ഡോ. തോമസ് ജോർജ് എന്നിവരെയാണ് ലോകഹൃദയദിനത്തോടനുബന്ധിച്ചു ആദരിച്ചത്.
മധ്യ കേരളത്തിലെ സാധാരണ ജനങ്ങളുടെ ഹൃദയ രോഗചികിത്സാ സംവിധാനങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിനും, ലോകോത്തരമായി വളർത്തിയെടുക്കുന്നതിനും വേണ്ടി പ്രയത്നിച്ച, കോട്ടയം ജില്ലയിലെ മികവുറ്റ പത്തു് ഹൃദയ രോഗചികിത്സാവിദഗ്ദരെയാണ് ലോകഹൃദയദിന ആദരിച്ചത്.
കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജുബിലിയുടെ ഭാഗമായി, കോട്ടയം ജില്ലാ പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ലോക ഹൃദയദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.