കാഞ്ഞിരപ്പള്ളി: മകളുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷാ മറിഞ്ഞു പിതാവ് മരിച്ചു. പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എംഎസ്(38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന നിലയത്തിന് മുൻപിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷയ്ക്ക് മുൻപിൽ പോയ ഇരുചക്ര വാഹനം പെട്ടന്ന് വലത്തേക്ക് തിരിച്ചതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടം അകണ്ടു ഓടിയെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും സമീപവാസികളും ചേർന്നാണ് ഓട്ടോറിക്ഷാ ഉയർത്തി രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഭിലാഷിന്റെ ഭാര്യ സുനിത, മകൾ അഭിമിത്ര,സഹോദരി അപ്സര, മകൾ നിവേദിത എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൾ അഭിമിത്രയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈരാറ്റുപേട്ട സ്വദേശിയുടേതാണ് ഇരുചക്ര വാഹനമെന്നു പോലീസ് പറഞ്ഞു.
മകളുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷാ മറിഞ്ഞു പിതാവ് മരിച്ചു.