പൊൻകുന്നം: പൊൻകുന്നത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്.
പൊൻകുന്നം പാലാ റോഡിൽ ഒന്നാം മൈലിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഇടറോഡിൽ നിന്നും പ്രധാന പാതയിലേക്ക് കയറിയ ജോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പാലായിൽ നിന്നും പൊൻകുന്നത്തേക്ക് വരികയായിരുന്ന ബസ്സ് ഇടിക്കുകയായിരുന്നു.
അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.