കോവിഡ് വ്യാപനത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി, നാടിനെ തേടിയിറങ്ങി മലരിക്കലിലെ ആമ്പൽപ്പൂക്കൾ.


കാഞ്ഞിരപ്പള്ളി: കോട്ടയത്തിനു പിങ്ക് വസന്തം സമ്മാനിച്ച മലരിക്കലിലെ ഏക്കറുകണക്കിന് വരുന്ന പാടശേഖരങ്ങളിലെ ആമ്പൽ കാഴ്ചകൾക്ക് കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്കേർപ്പെടുത്തിയതോടെ ആമ്പൽപ്പൂക്കാഴ്ച്ചകൾ നാടിനെ തേടിയിറങ്ങിയിരിക്കുകയാണ്.

 

 കോവിഡ് വ്യാപനം രൂക്ഷമായതോടെ മലറിക്കലിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. പ്രദേശവാസികൾക്ക് ഏറെ വരുമാനം നൽകുന്നതായിരുന്നു മലരിക്കലിലെ ആമ്പൽ ഫെസ്റ്റ്. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതോടെ മേഖലയിലെ പ്രദേശവാസികൾ ആമ്പൽപ്പൂ മൊട്ടുകളും ആമ്പൽ വിത്തുകളുടെ നാടിനെ തേടിയിറങ്ങിയിരിക്കുകയാണ്.

 

 ദേശീയപാതയിൽ കോട്ടയം മുണ്ടക്കയം പാതയോരത്താണ് മലരിക്കൽ നിവാസികളുടെ ഈ വ്യാപാരം. ദേശീയപാതയിൽ പാമ്പാടി,കോത്തല, പൊൻകുന്നം, മുണ്ടക്കയം ചോറ്റി എന്നിവിടങ്ങളിലും കൊരട്ടി, എരുമേലി മേഖലകളിലും ആമ്പൽപ്പൂ മൊട്ടുകളും വിത്തുകളുടെ കർഷകർ വിൽപ്പന നടത്തുന്നുണ്ട്. സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ കർഷകർ ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ആമ്പൽപ്പൂക്കളും വിത്തുകളും വിൽപ്പന നടത്തുന്നുണ്ട്.

വഴിയോരത്തെ വ്യാപാരം കണ്ടു നിരവധിപ്പേരാണ് ഇവ വാങ്ങിപ്പോകുന്നത്. ഒരു മൊട്ടിന് 3 രൂപ നിരക്കിൽ 30 പൂക്കളടങ്ങുന്ന ഒരു കെട്ടാണ് വിൽപ്പന നടത്തുന്നത്. വിസ്മയ കാഴ്ച്ചകളുടെ ദൃശ്യ വിരുന്നു ആസ്വദിക്കാനാവാത്തവർ പൂമൊട്ടുകളും വിത്തുകളും വാങ്ങിയാണ് പോകുന്നത്. മലരിക്കൽ ഉൾപ്പെടുന്ന തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 13 ൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മലരിക്കൽ പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിരോധനമേർപ്പെടുത്തിയിരുന്നു. കോട്ടയത്തിന്റെ പിങ്ക് വസന്തമായ ആമ്പൽ ഫെസ്റ്റ് കാണുന്നതിനായി പ്രതിദിനം നിരവധിപ്പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലരിക്കലിലേക്ക് എത്തിയിരുന്നത്.